പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്
പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്
സാമൂഹിക-സാംസ്കാരിക ചരിത്രം
1979 ജനുവരി 19-ം തിയതി ഔദ്യോഗികമായി നിലവിൽ വന്ന പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് കൊല്ലം ജില്ലയുടെ വടക്കുകിഴക്കായി പത്തനംതിട്ട ജില്ലയോടു ചേര്‍ന്ന് ഏനാദിമംഗലം, ഇളമണ്ണൂര്‍ ഗ്രാമങ്ങളോടൊട്ടി നില്ക്കുന്നു. ഈ ഗ്രാമത്തെ പത്തനാപുരം ഗ്രാമത്തില്‍ നിന്നും കുണ്ടയം തോടും പട്ടാഴി ഗ്രാമത്തിൽ നിന്നും കല്ലടയാറും വേര്‍തിരിച്ചു നിര്‍ത്തുന്നു. കൊച്ചു കൊച്ചു മലകളും കുന്നിന്‍പുറങ്ങളും താഴ്വരകളും വയലേലകളും തോടുകളും ഈ ഗ്രാമത്തിന്റെ പ്രകൃതിയെ ചേതോഹരമാക്കുന്നു. കിഴക്കേ അറ്റം മുതല്‍ പടിഞ്ഞാറെ അറ്റം വരെ ഈ ഗ്രാമത്തെ തഴുകിപ്പോകുന്ന കല്ലടയാറ് ഇവിടം സസ്യസമൃദ്ധവും ഫലഭൂയിഷ്ടമാക്കുന്നു. ഗ്രാമീണ ജനങ്ങളില്‍ അധികവും സാധാരണ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും തൊഴില്‍ ചെയ്യുന്നവരും ചെറുകിട വ്യവസായമേഖലകളില്‍ പണി ചെയ്യുന്നവരും കുറവല്ല. കുരുമുളക്, ഇഞ്ചി, നെല്ല്, വാഴ, മരച്ചീനി, പയറുവര്‍ഗ്ഗങ്ങള്‍, തെങ്ങ്, കമുക്, മാവ്, പ്ളാവ്, കശുമാവ് എന്നിവയായിരുന്നു രണ്ട് ദശാബ്ദത്തിനുമുമ്പു വരെ പ്രധാന കൃഷികളായുണ്ടായിരുന്നത്. എന്നാല്‍ നാണ്യവിളകളും തോട്ടവിളകളുമായ റബ്ബര്‍, തേക്ക്, മാഞ്ചിയം എന്നിവയുടെ സ്വാധീനത്താല്‍ മേല്പറഞ്ഞ കൃഷികള്‍ പിന്തള്ളപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്താനികളും ഇടകലര്‍ന്ന് ഇഴുകിച്ചേര്‍ന്ന് താമസിക്കുന്ന ഇവിടം മാനവ മൈത്രിയുടേയും മതസൌഹാര്‍ദ്ദത്തിന്റെയും പ്രതീകമാണ്. ഗ്രാമത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് പട്ടാഴി ദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ മീനത്തിരുവാതിര മഹോത്സവം. ശക്തിസ്വരൂപണിയായ പട്ടാഴി ദേവിയുടെ പൊന്നിന് തിരുമുടി ദര്‍ശിക്കുന്നതിനായി കേരളത്തിന്റെ നാനാഭാഗത്തുനിന്നും മറ്റ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഈ ദിനത്തിൽ ഇവിടെ എത്തിച്ചേരുന്നു. ജാതിമതഭേദമെന്യേ പട്ടാഴിയിലെ ജനങ്ങള്‍ ഈ ദിനം ഉത്സവമായി ആഘോഷിക്കുന്നു. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ മെതുകുമ്മേല്‍ വാര്‍ഡിൽ സ്ഥിതി ചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രത്തിന് ഉദ്ദേശം രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ളതായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ അപൂര്‍വ്വമായി മാത്രം കാണുന്ന നരസിംഹരൂപത്തിലുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇതുപോലെ മനസൌഹാര്ദ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്നതാണ് ചരിത്രപ്രസിദ്ധമായ മേട്ടുംപുറത്ത് ഔലിയാപള്ളി. നൂറ്റാണ്ടുകളോളം പഴക്കമുള്ള ഈ പള്ളിയില്‍ ആദ്യകാലങ്ങളില്‍ നടത്തിയിരുന്ന ചന്ദനക്കുട മഹോത്സവം ഈ ഗ്രാമത്തിന്റെ ഉത്സവമായി ആഘോഷിച്ചിരുന്നതായി പറയപ്പെടുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ് നാടിന്റെ പടിഞ്ഞാറന്‍ മേഖലകളിൽ നിന്നും ധാരാളം ഭക്തജനങ്ങൾ ഇവിടെയെത്തി നേര്‍ച്ച അര്‍പ്പിക്കാറുണ്ട്. പേരുകൊണ്ടും പെരുമകൊണ്ടും ചരിത്രപ്രസിദ്ധമായ പട്ടാഴി ദേവീ ക്ഷേത്രം തിരുവിതാംകൂറിലെ ഏറ്റവും പഴക്കമാര്‍ന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ്. ഇന്ന് ഈ ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലം ഒരു കാലത്ത് നാട്ടുപ്രമാണിയായിരുന്ന കടിയംതുരത്തില് കാരണവരുടെ വാഴത്തോട്ടമായിരുന്നു. വാഴത്തോട്ടം സന്ദര്‍ശിച്ചപ്പോൾ തോട്ടത്തിന്റെ ഒരു ഭാഗത്ത് തേജസ്വിനിയായ ഒരു സ്ത്രീ രൂപം കാണപ്പെട്ടു. ആ സ്ഥലം ലക്ഷ്യമാക്കി നടന്നു ചെന്ന കാരണവര്‍ കണ്ട കാഴ്ച വിസ്മയാവഹമായിരുന്നു. ആള്‍രൂപം കണ്ട സ്ഥലത്ത് മുകള്‍ഭാഗത്തായി ഒരു തളകല്ല്-കല്ലില്‍ മിനുമിനുത്തതും വെട്ടിത്തിളങ്ങുന്നതുമായ ഒരു ചുവന്ന പട്ട്- താഴെ ഒരു കിണര്‍, കിണറ്റില്‍ നോക്കിയപ്പോൾ സമുദ്രത്തിലെപ്പോലെ നീലച്ഛവി കലര്‍ന്ന ജലം ആഴി പോലെ ഇളകി മറിയുന്നു. കാരണവര്‍ അത്ഭുതപ്പെട്ടു. കരയില്പട്ട്, കിണറ്റില്‍ ആഴി ഇങ്ങനെയാണ് ഈ ദേശത്തിന് പട്ടാഴിയെന്ന പേരുണ്ടായതെന്നും, പട്ടാഴി ദേവിയുടെ മൂലനാമമായ ‘ഭട്ടാരിക’ എന്നതിന്റെ തല്ഭവമായി പട്ടാഴി എന്നു പേരുണ്ടായിയെന്നും ക്ഷേത്രചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എ..ഡി. 500-ാമാണ്ടോടടുത്ത് കരുനാഗപ്പള്ളി കേന്ദ്രമാക്കി അധിവസിച്ചിരുന്ന ബുദ്ധമതവിശ്വാസികള്‍ ഈ ഗ്രാമത്തിന്റെ ഭാഗമായ മാലൂരിലും പരിസര പ്രദേശങ്ങളിലും പില്ക്കാലങ്ങളിൽ കുടിയേറിപ്പാര്‍ത്തിരുന്നതായി കാണാം. ഇക്കാലത്താണ് ഇന്നത്തെ പള്ളിപ്പുറം കടവും സ്കൂളും സ്ഥാപിക്കപ്പെട്ടത്. ‘പള്ളി’ എന്ന പേരു തന്നെ ബുദ്ധമത വിശ്വാസികളുടെ വിദ്യാലയങ്ങള്‍ക്കായിരുന്നു. മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ പരിസരത്തു കണ്ടെത്തിയ കല്ലറകളും അവയ്ക്കുളളില്‍ കാണപ്പെട്ട വലിയ മണ്‍കുടങ്ങളും ഈ വസ്തുത ബലപ്പെടുത്തുന്നു. ഇളയിടത്ത് സ്വരൂപത്തിന്റെ കാലത്ത് ഈ പ്രദേശം കൊട്ടാരക്കര രാജ്യത്തിന്റെ ഭാഗമായിരുന്നു. ഈ കാലഘട്ടത്തില്‍ ചെങ്ങന്നൂരില്‍ നിന്നും മറ്റു ഭാഗങ്ങളിൽ നിന്നും ആര്യന്മാര് ഇവിടേക്ക് കുടിയേറിപ്പാര്‍ത്തു. ഇവര്‍ മഠങ്ങള്‍ സ്ഥാപിച്ച് സംസ്കൃതം പ്രചരിപ്പിച്ചു. ഇപ്രകാരം ജനപഥങ്ങളുണ്ടായതോടെ മറവന്മാരുടെ ഭീഷണിയും ആക്രമണവും സര്‍വ്വസാധാരണമായി. ഈ ആക്രമണങ്ങളെ തടയുന്നതിനുവേണ്ടി അന്നത്തെ ബ്രാഹ്മണര്‍ മധുര, തെങ്കാശി എന്നിവിടങ്ങളില്‍ നിന്നും മുസ്ളീങ്ങളെ ഇവിടെ വിളിച്ചു വരുത്തുകയും അവരില്‍ ഒരു പ്രമുഖനെ ക്ഷേത്രത്തിനോടടുത്തുള്ള പടിപ്പുരയില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഇന്നും ഇവര്‍ പടിപ്പുര കുടംബക്കാര് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവരുടെ പിന്‍ഗാമികളാണ് ഈ പ്രദേശത്തുള്ള മുസ്ലീങ്ങളിൽ അധികവും. ഇളയിടത്ത് അമ്മ മഹാറാണിയാണ് പട്ടാഴി ദേവിയുടെ പൊന്നിന് തിരുമുടി സംഭാവന ചെയ്തത്. 1750 ല്‍ മാര്‍ത്താണ്ഡവര്‍മ്മ തന്റെ സാമ്രാജ്യം ശ്രീ പത്മനാഭന് സമര്‍പ്പിച്ച് പത്മനാഭദാസനായി. ഇതേത്തുടര്‍ന്ന് കാര്‍ത്തികതിരുനാൾ (ധര്‍മ്മരാജാവ്) പട്ടാഴി ദേവിക്ക് പട്ടാഴി ദേശം ദാനമായി കൊടുത്തു. അങ്ങനെ ദേവസ്വത്തിന്റെ അധീനതയില്‍ വന്നതോടെ ദേവിയുടെ പ്രതിപുരുഷനായ കാമ്പിത്താന് ഭരണം നടത്താന്‍ തുടങ്ങി. കാമ്പിത്താനെ തെരെഞ്ഞടുക്കുന്നതിനും നിയന്ത്രിച്ചിരുന്നതും ജനകീയ കമ്മിറ്റികളായിരുന്നു. ജന്മിത്തം ഇവിടെ അതിന്റെ പൂര്‍ണ്ണരൂപത്തിൽ നിലനിന്നിരുന്നില്ല. അതിന്റെ പ്രധാന കാരണം 1962 വരെ ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശവും നിയന്ത്രണവും ദേവസ്വത്തിനായിരുന്നു എന്നതാണ്. എന്നിരുന്നാലും കൊല്ലും കൊലയും സിദ്ധിച്ച ചില തറവാട്ടുകാരും തമ്പ്രാക്കന്മാരും നാടുവാണിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ഇന്‍ഡ്യൻ നാഷണൽ ആര്‍മിയിൽ മെതുകുമ്മേല്‍ ഭാനു വിക്രമന്‍പിള്ളയും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചവരാണ്.