ഒറ്റ നോട്ടത്തില്‍

കൊല്ലം ജില്ലയുടെ  വടക്കുമദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന  പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് മലപ്രദേശത്തോടുചേര്‍ന്ന ഒരു ഇടനാടൻ ഉള്‍ഗ്രാമമാണ്. ജില്ലയിലെ പത്തനാപുരം താലൂക്കില്‍ പത്തനാപുരം ബ്ലോക്കിൽ ഉള്‍പ്പെടുന്ന ആറ് പഞ്ചായത്തുകളിൽ ഒന്നാണ് പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്. 18.07 ചതുരശ്ര കിലോമീറ്റർ  മൊത്തം വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിനെ പതിനാല് വാര്‍ഡുകളായി  വിഭജിച്ചിരിക്കുന്നു. പഞ്ചായത്ത്  വാര്‍ഡിലാണ് പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്നത്. 1979 ജനുവരി 19-ാം തിയതി ഔദ്യോഗികമായി നിലവിൽ വന്ന പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്  കൊല്ലം ജില്ലയുടെ വടക്കുകിഴക്കായി പത്തനംതിട്ട ജില്ലയോടു ചേര്‍ന്ന് ഏനാദിമംഗലം, ഇളമണ്ണൂര്‍  ഗ്രാമങ്ങളോടൊട്ടി  നില്‍ക്കുന്നു. ഈ ഗ്രാമത്തെ പത്തനാപുരം  ഗ്രാമത്തില്‍ നിന്നും  കുണ്ടയം തോടും പട്ടാഴി  ഗ്രാമത്തില്‍ നിന്നും കല്ലടയാറും  വേര്‍തിരിച്ചു നിര്‍ത്തുന്നു.  കൊച്ചു കൊച്ചു മലകളും കുന്നിന്‍പുറങ്ങളും  താഴ്വരകളും വയലേലകളും തോടുകളും ഈ ഗ്രാമത്തിന്റെ പ്രകൃതിയെ ചേതോഹരമാക്കുന്നു. കിഴക്കേ അറ്റം മുതല്‍ പടിഞ്ഞാറെ അറ്റം  വരെ ഈ ഗ്രാമത്തെ തഴുകിപ്പോകുന്ന കല്ലടയാറ് ഇവിടം സസ്യസമൃദ്ധവും  ഫലഭൂയിഷ്ടവുമാക്കുന്നു. പേരുകൊണ്ടും പെരുമകൊണ്ടും  ചരിത്രപ്രസിദ്ധമായ പട്ടാഴി പഞ്ചായത്തിലെ പട്ടാഴി ദേവീ ക്ഷേത്രം  തിരുവിതാംകൂറിലെ ഏറ്റവും പഴക്കമാര്‍ന്ന  ക്ഷേത്രങ്ങളില്‍ ഒന്നാണ്. എ.ഡി. 500-ാം മാണ്ടോടടുത്ത് കരുനാഗപ്പള്ളി കേന്ദ്രമാക്കി അധിവസിച്ചിരുന്ന ബുദ്ധമതവിശ്വാസികള്‍ ഈ ഗ്രാമത്തിന്‍റെ ഭാഗമായ മാലൂരിലും പരിസര പ്രദേശങ്ങളിലും പില്‍ക്കാലങ്ങളിൽ  കുടിയേറിപ്പാര്‍ത്തിരുന്നതായി  കാണാം. ഇക്കാലത്താണ് ഇന്നത്തെ പള്ളിപ്പുറം  കടവും സ്കൂളും സ്ഥാപിക്കപ്പെട്ടത്. ‘പള്ളി’  എന്ന പേരു തന്നെ  ബുദ്ധമത വിശ്വാസികളുടെ  വിദ്യാലയങ്ങള്‍ക്കായിരുന്നു.